പാലാ: ഗജരാജരത്നം പല്ലാട്ട് ബ്രഹ്മദത്തന് നാടിന്റെ അന്ത്യാഅഞ്ജലി . രാവിലെ മുതല്‍ നിരവധിയാളുകളാണ് ബ്രഹ്മദത്തന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റാണ് ബ്രഹ്മദത്തന് ചരിഞ്ഞത്. ആനപ്രേമികളുടെ ഇടയിലെ പ്രിയപ്പെട്ട കളഭകേസരിയായിരുന്നു പല്ലാട്ടെ കുട്ടി എന്ന് അറിയപ്പെട്ടിരുന്ന ബ്രഹ്മദത്തന്.
ഉത്സവങ്ങളിലെയും പൂരങ്ങളിലെയും നിറസാന്നിധ്യമാണ് ഓര്‍മയായത്. മേലമ്പാറ പല്ലാട്ട് കുടുംബത്തിലെ അംഗമായിരുന്നു ബ്രഹ്മദത്തന്.
16 വര്‍ഷമായി സ്വന്തമെന്നു കരുതിയ മണ്ണില്‍ത്തന്നെ അന്ത്യവിശ്രമത്തിനും ഇടമൊരുങ്ങി.
പല്ലാട്ട് തറവാടിനോടു ചേര്‍ന്ന് ഒരുക്കിയ ചിതയില്‍ ബ്രഹ്മദത്തന് എരിഞ്ഞമര്‍ന്നു. ബ്രഹമദത്തനു മിന്നലേറ്റു എന്ന വാര്‍ത്ത പരന്നപ്പോള്‍ മുതല്‍ പല്ലാട്ടു തറവാട്ടുമുറ്റത്തേക്ക് ആനപ്രേമികളുടെ ഒഴുക്കായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ദേഹം ചിതയിലേക്കെടുത്തത്.